ന്യൂഡൽഹി: അഞ്ചു ദിവസത്തിനിടെ ഇന്ധനവില വീണ്ടും വർധനിപ്പിച്ചതിനെതിരേ കോൺഗ്രസ് രംഗത്ത്.
ചെലവു ചുരുക്കലിനെക്കുറിച്ച് പ്രഘോഷിച്ച് തങ്ങളുടെ പരാജയങ്ങളുടെ ഭാരം പൊതുജനങ്ങളുടെ മേൽ ചുമത്താനുള്ള ശ്രമം പൂർണതോതിൽ നടക്കുന്നുണ്ടെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.
"സാധാരണക്കാരെ കൊള്ളയടിക്കുകയും അദാനിക്ക് ഫ്രീ പാസ് നൽകുകയും ചെയ്യുന്നു. ഇതാണ് മോദിജിയുടെ വിട്ടുവീഴ്ച ചെയ്ത മോഡൽ' -ശതകോടീശ്വരനായ ഗൗതം അദാനിക്കെതിരായ ക്രിമിനൽ കുറ്റങ്ങൾ യുഎസ് നീതിന്യായവകുപ്പ് കഴിഞ്ഞദിവസം പിൻവലിച്ചത് പരോക്ഷമായി ചൂണ്ടിക്കാട്ടി ഖാർഗെ എക്സിൽ കുറ്റപ്പെടുത്തി.
വിശ്വഗുരുവാണെന്ന് സ്വയം വ്യാജമായി അഭിമാനിക്കുന്ന മോദി റഷ്യൻ എണ്ണ വാങ്ങാനുള്ള അനുമതി ഒരു മാസംകൂടി നീട്ടണമെന്ന് അമേരിക്കയോട് യാചിക്കുകയും അപേക്ഷിക്കുകയും ചെയ്തിരിക്കുന്നു. ഇത് ചെയ്യുന്പോഴെല്ലാം 140 കോടി ഇന്ത്യക്കാരുടെ അഭിമാനത്തെ മുറിവേൽപ്പിക്കുകയാണെന്ന് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്ന വിഷയം ചൂണ്ടിക്കാട്ടി ഖാർഗെ പറഞ്ഞു.
റഷ്യൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക രാജ്യങ്ങൾക്കുമേൽ ചുമത്തിയിട്ടുള്ള ഉപരോധവും ഹോർമുസ് പ്രതിസന്ധിയെത്തുടർന്ന് ഇതിനു നൽകിയിട്ടുള്ള ഇളവിന്റെയും പശ്ചാത്തലത്തിലാണ് കോണ്ഗ്രസ് വിമർശനം.
മുന്പത്തെ ഒരു സർക്കാരും ഇത്ര താഴ്ന്ന നിലയിലേക്കു പോയിട്ടില്ല. നമുക്കിത് ചെയ്യാനുള്ള അനുമതിയുണ്ടെങ്കിൽ പിന്നെ എന്തിനാണ് പെട്രോൾ-ഡീസൽ വിലവർധനയുടെ ഭാരം സാധാരണക്കാരുടെമേൽ ചുമത്തുന്നത്.
ബിജെപിയിൽ ദീർഘവീക്ഷണവും നേതൃപാടവവും ഇല്ല. പ്രതിസന്ധിയെക്കുറിച്ച് നിങ്ങൾ യഥാർഥത്തിൽ എന്തു ചെയ്യുന്നുവെന്ന് വ്യക്തമാക്കിയാൽ മാത്രമേ നിങ്ങൾ ജനങ്ങളുടെ യഥാർഥ പ്രധാന സേവകരാകൂ. അല്ലാത്തപക്ഷം നിങ്ങൾ വെറുമൊരു പ്രചാരകൻ മാത്രമാണെന്നും ഖാർഗെ പറഞ്ഞു.